bmgh

കെ. എസ്. ടി. എ. യില്‍ അണിചേരൂ .


Tuesday, December 17, 2013

ഒടുവില്‍ മാതൃഭൂമിയും സത്യം പറയുന്നു
17- 12- 2013 ലെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത


പെന്‍ഷന്‍ഫണ്ടിലേക്ക് സര്‍ക്കാറും ജീവനക്കാരും വിഹിതം അടച്ചില്ല
എം.പി. സൂര്യദാസ് (മാതൃഭൂമി)


കോഴിക്കോട്: സംസ്ഥാനത്ത് പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കിയിട്ട് ഒമ്പത് മാസമായിട്ടും പെന്‍ഷന്‍ഫണ്ടിലേക്ക് സര്‍ക്കാര്‍ വിഹിതമായി ഇതുവരെ ഒരുരൂപപോലും എത്തിയിട്ടില്ല.


ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പെന്‍ഷന്‍ വിഹിതമായി ഈടാക്കേണ്ട തുകയും പിടിച്ചുതുടങ്ങിയിട്ടില്ല. ഇതുമൂലം പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കിയശേഷം സര്‍വീസില്‍ പ്രവേശിച്ച 20,000 ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധിച്ച ആശങ്ക തുടരുകയാണ്.

2013 ഏപ്രില്‍ ഒന്നുമുതലാണ് കേരളത്തില്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷനുപകരം പങ്കാളിത്തപെന്‍ഷന്‍ നടപ്പിലാക്കിയത്. ഏപ്രില്‍മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഇത് ബാധകം. അടിസ്ഥാനശമ്പളം, ഡി.എ എന്നിവ ചേരുന്ന തുകയുടെ പത്തുശതമാനം ജീവനക്കാരന്റെ ശമ്പളത്തില്‍നിന്ന് മാസംതോറും പിടിച്ച് പെന്‍ഷന്‍ഫണ്ടിലേക്ക് അടയ്ക്കും. ജീവനക്കാരന്റെ ശമ്പളത്തില്‍നിന്ന് പിടിക്കുന്നതിന് തുല്യമായ തുക സര്‍ക്കാറും ഫണ്ടിലേക്ക് നിക്ഷേപിക്കണം. ഇതാണ് വ്യവസ്ഥ. എന്നാല്‍ ഈ ഇനത്തില്‍ ഒരുരൂപപോലും സര്‍ക്കാറോ ജീവനക്കാരോ ഇതുവരെ അടച്ചിട്ടില്ല.

പെന്‍ഷന്‍ഫണ്ടിലേക്ക് അടയ്‌ക്കേണ്ട തുക കുടിശ്ശികയായി നീണ്ടുപോവുന്നത് ജീവനക്കാര്‍ക്കും സര്‍ക്കാറിനും ഒരുപോലെ ബാധ്യതയാവും.

പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കിയ മറ്റുസംസ്ഥാനങ്ങളിലെല്ലാം പദ്ധതി പ്രതിസന്ധിയിലാണെന്നതാണ് ജീവനക്കാരെ ആശങ്കപ്പെടുത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ 2004 ഏപ്രില്‍ ഒന്നുമുതല്‍ പങ്കാളിത്തപെന്‍ഷന്‍ നടപ്പിലാക്കിയിട്ടുണ്ട്. കേന്ദ്രജീവനക്കാരില്‍നിന്ന് പെന്‍ഷന്‍വിഹിതം കൃത്യമായി പിടിക്കുന്നുണ്ട്. സര്‍ക്കാറിന്റെ വിഹിതവും മുടങ്ങാതെ അടയ്ക്കുന്നുണ്ട്. എന്നാല്‍ 2004ല്‍ത്തന്നെ പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കിയ സംസ്ഥാനങ്ങളിലെ സ്ഥിതി പരിതാപകരമാണ്.

കര്‍ണാടകത്തില്‍ 2004 ഏപ്രിലില്‍ പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കി. 2004 മുതല്‍ 2010 വരെ ജീവനക്കാരില്‍നിന്നുള്ള പെന്‍ഷന്‍വിഹിതം പിടിച്ചു. തുടര്‍ന്ന് ജീവനക്കാരില്‍നിന്ന് വിഹിതം പിടിക്കാതായി. പക്ഷേ, 2004 മുതല്‍ ഇതുവരെ കര്‍ണാടകസര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് ഒരുരൂപപോലും അടച്ചിട്ടില്ല. 2010 വരെ പെന്‍ഷന്‍ഫണ്ടിലേക്ക് പിടിച്ച തുക തത്തുല്യതുക അടക്കാനാവില്ലെന്ന കാരണം പറഞ്ഞ് ജീവനക്കാര്‍ക്ക് കഴിഞ്ഞമാസം സര്‍ക്കാര്‍ തിരിച്ചുനല്‍കി. ഒഡിഷ, ബിഹാര്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും പങ്കാളിത്തപെന്‍ഷന്‍ അവതാളത്തിലാണ്.

അതേസമയം പശ്ചിമബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളില്‍ ഇപ്പോഴും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍സംവിധാനം തന്നെയാണ്. ജീവനക്കാരുടെ പെന്‍ഷന്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്നതാണ് പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയെന്നാണ് സര്‍വീസ് സംഘടനകളുടെ ആരോപണം.പങ്കാളിത്തപെന്‍ഷനില്‍ മിനിമംപെന്‍ഷന്‍ എത്രയാണെന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. പെന്‍ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കുന്ന തുകയുടെ 60 ശതമാനം വിരമിക്കുന്ന വേളയില്‍ റൊക്കം തുകയായി നല്‍കുമെന്നും ബാക്കി 40 ശതമാനം ആന്വിറ്റികളില്‍ നിക്ഷേപിച്ച് അതില്‍നിന്ന് പെന്‍ഷന്‍ നല്‍കുമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ ആകെ നിക്ഷേപതുക രണ്ടുലക്ഷം രൂപയില്‍ കുറവായാല്‍ വിരമിക്കുന്ന വേളയില്‍ മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് 2013 ഒക്ടോബറില്‍ ഇറക്കിയ ഉത്തരവില്‍ കേന്ദ്രധനമന്ത്രാലയം പറയുന്നു.

ഈ ജീവനക്കാര്‍ക്ക് ആന്വിറ്റികളില്‍ നിക്ഷേപം ഇല്ലാത്തതുകാരണം പെന്‍ഷന്‍ ലഭിക്കുമോ എന്നകാര്യം ആശങ്കയിലാണ്. കുറഞ്ഞവേതനവും സര്‍വീസ് ദൈര്‍ഘ്യവുമുള്ള ജീവനക്കാര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയില്‍ പെന്‍ഷന്‍ ലഭിക്കില്ലെന്ന സ്ഥിതിയുണ്ട്. ഇത്തരം ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയാണ് പെന്‍ഷന്‍വിഹിതത്തിലേക്ക് ഒരുരൂപപോലും അടയ്ക്കാത്ത സ്ഥിതിവിശേഷം.

No comments:

Post a Comment